നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കല്‍: സ്ഥിരീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍; നിഷേധിച്ച് തലാലിന്റെ സഹോദരന്‍
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ ഓഫീസാണ് അറിയിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ രംഗത്ത്. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. വാര്‍ത്ത തെറ്റാണെന്ന് യെമനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമും അഭിപ്രായപ്പെട്ടു. പാലക്കാട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്.